ഗൗളിശാസ്ത്രം (Gouli Shasthram)

“ചോറ് കുക്കറിനകത്തിരിപ്പുണ്ട്. അവിയലും തീയലും പാവക്കാ തോരനും അടച്ചു വെച്ചിട്ടുണ്ട്. മുട്ട പുഴുങ്ങിയത് ചരുവത്തിൽ ഇരിക്കുന്നു. പൊളിച്ചെടുത്തോണം. കേട്ടല്ലോ?” അനിത കിച്ചുവിനോട് പറഞ്ഞു. ഉവ്വെന്ന് കിച്ചു മൂളി.

അനിതയുടെ മകനാണ് കിച്ചു എന്ന കിഷോർ. കിച്ചുവിന്റെ അച്ഛനും അമ്മയും അനിയത്തിയും, പിന്നെ അമ്മയുടെ ചേച്ചി സുനിതാന്റിയും ആന്റിയുടെ ഭർത്താവും അവരുടെ മൂത്ത മക്കൾ രണ്ടു പേരും കൂടെ എറണാകുളത്ത് ഒരു വിവാഹത്തിന് പോവുകയാണ്.

കിച്ചുവിന്റെ വീടിനടുത്താണ് സുനിതാന്റിയുടെ വീട്. അനിതയുടെ വീട്ടിലേക്ക് സുനിതയും കുടുംബവും കൂടി വന്നിട്ട് അവിടെനിന്ന് എല്ലാവരും കൂടി ഒന്നിച്ച് പുറപ്പെടാൻ കാറിൽ കയറി ഇരിക്കുകയാണ്.

വാഹനത്തിൽ എല്ലാവർക്കും കൂടി സ്ഥലം തികയില്ലാത്തതു കൊണ്ട് കിച്ചുവും സുനിതാന്റിയുടെ ഇളയ മകൾ, അമ്മു എന്നു വിളിപ്പേരുള്ള അമലയും പോകുന്നില്ല.