പറയാന്‍ പാടില്ലാത്തവ

ആനി മരിയ ജോസഫ്
‘ഇതിലെവനാടീ നല്ല ചരക്ക്…?’

മൂന്നു സുന്ദരന്‍മാരുടെ മൂന്നു ഭാവത്തിലുള്ള ചിത്രങ്ങള്‍ എനിക്കു മുമ്പിലേക്ക് നീക്കിയിട്ടുകൊണ്ട് ആനി മരിയ ജോസഫ് ചോദിച്ചു. വഴവഴുത്തൊരു പാമ്പ് പൊടുന്നനെ നഗ്നമായ ഉടലില്‍ വീണാലെന്നവണ്ണം ഞാന്‍ ഞെട്ടി. മൂന്നു ചിത്രങ്ങളിലും നായകനോടിഴുകിച്ചേര്‍ന്ന് ആനി മരിയ ജോസഫ് ഉണ്ടായിരുന്നു, വിടര്‍ന്ന ചിരിയോടെ. ആണ്‍ബോധത്തിന്റെ നിഘണ്ടുവില്‍ ഉടല്‍ഭംഗിയുള്ള പെണ്ണിനെ സൂചിപ്പിക്കുന്ന സവിശേഷപദമായ ‘ചരക്ക്’ തിരിച്ചും പ്രയോഗിക്കപ്പെടുമെന്നതായിരുന്നു എന്റെ അമ്പരപ്പിന്റെ മറ്റൊരു കാരണം. ഭാഷയുടെ വിചിത്രമായ ഈ ലിംഗനീതിയുടെ സാധ്യത അന്നുവരെ ഞാന്‍ ആലോചിച്ചിരുന്നില്ല.

‘മൂന്ന് അവന്‍മാര്‍ക്കും എന്നോട് സ്വര്‍ഗീയ പ്രണയം. കെട്ടിപ്പിടിച്ചും ഉമ്മവെച്ചും വാങ്ങിത്തന്നും പ്രണയം കാണിക്കുന്നു. ഏതവനെ വേണം സ്വീകരിക്കേണ്ടത്, നീ പറ’^ ബാഗ് മേശമേല്‍ എറിഞ്ഞ് ഹോസ്റ്റല്‍മുറിയിലെ ബാത്ത്റൂമിനുള്ളിലേക്ക് നടക്കവെ മരിയ ചോദിച്ചു.

പൊടുന്നനെ തെളിഞ്ഞൊരു അശ്ലീലദൃശ്യം കാണുന്ന അമ്പരപ്പോടെ ഞാന്‍ ചിത്രങ്ങളിലേക്ക് മാറിമാറി നോക്കി നില്‍ക്കവെ പ്രാര്‍ഥനക്കു മണിമുഴങ്ങി. പെണ്‍ഹോസ്റ്റലിലെ അനവധി മുറികള്‍ തുറക്കപ്പെടുകയും നിശാവസ്ത്രം ധരിച്ച കൌമാരക്കാരികള്‍ പ്രാര്‍ഥനാഹാളിലേക്കു ധൃതിപ്പെട്ട് നീങ്ങി ക്രൂശിതരൂപത്തിനു മുന്നില്‍, കന്യാസ്ത്രീകളെ പിന്‍പറ്റി മുട്ടുകുത്തുകയും ചെയ്തു. കോളജിന്റെ പെണ്‍ഹോസ്റ്റലിലെ സന്ധ്യകള്‍ അപ്രകാരം പ്രാര്‍ഥനാഭരിതമാകുമ്പോള്‍ അന്യമതസ്ഥരായ എന്നെപ്പോലെ ചിലര്‍ മുറികളില്‍ അടച്ചിരിക്കലായിരുന്നു പതിവ്. ഇന്നെന്തോ, വല്ലാത്തൊരു ഭയത്തോടെ ഞാന്‍ പ്രാര്‍ഥനാ മുറിയിലേക്ക് ധൃതിപ്പെട്ട് ഓടുകയും കര്‍ത്താവിനുമുന്നില്‍ മുട്ടുകുത്തുകയും ചെയ്തു. സദാചാര വേലികളെ പെണ്ണ് ലംഘിക്കുന്നതിനെ അത്രമേല്‍ ഞെട്ടലോടെയേ എനിക്കു കാണാനാവുമായിരുന്നുള്ളൂ. കാരണം പെണ്ണിന്റെ സകലനിയമങ്ങളുടെയും താക്കോല്‍ അവളുടെ ഉടലാണെന്ന് ആരൊക്കെയോ എന്നേ എന്നെ പഠിപ്പിച്ചിരുന്നു.

1 thought on “പറയാന്‍ പാടില്ലാത്തവ”

Leave a Comment