ലൈംഗികത എന്റെ നോവലുകളിൽ

സ്ത്രീ ലൈംഗികത ഏറ്റവും ശക്തമായി അവതരിപ്പിച്ചിട്ടുള്ളത് എന്റെ ‘ആസക്തിയുടെ അഗ്നിനാളങ്ങൾ’ എന്ന നോവലിലാണ്. സരള എന്ന പ്രധാന കഥാപാത്രത്തെ ചുറ്റിയാണ് കഥ നീങ്ങുന്നത്. ഒരു കൃഷിക്കാരനായ ഭർത്താവ് ഗോപി നല്ലവനായിരുന്നു. നല്ല മനുഷ്യൻ എന്നതിന് നല്ല ഭർത്താവ് എന്ന അർത്ഥമുണ്ടാവണമെന്നില്ലല്ലൊ.

രാത്രി ഒരനുഷ്ഠാനംപോലെ ഗോപി ഭാര്യയെ പ്രാപിച്ചു. തന്റെ ആവശ്യങ്ങളെപ്പറ്റി സംസാരിക്കാൻ അയാൾക്കു മടിയായിരുന്നു. പറയാതെ തന്നെ ഭാര്യ അതെല്ലാം മനസ്സിലാക്കണമെന്ന് അയാൾക്കു നിഷ്‌കർഷയുണ്ടായിരുന്നു. അതുകൊണ്ട് ഗോപി കിടന്നാൽ അവൾ വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ തുടങ്ങും. സാരി അഴിച്ചുമാറ്റി ഒരു കസേലയിൽ ഇടും. പിന്നെ ഭർത്താവിന്റെ നേരെ തിരിഞ്ഞ് ബ്ലൗസും അടിവസ്ത്രങ്ങളും അഴിച്ചു മാറ്റും, ഒരു ചടങ്ങുപോലെ. ഗോപി അതിഷ്ടപ്പെട്ടു. എല്ലാം അഴിച്ചുമാറ്റി, അവൾ അയാളുടെ അടുത്തു ചേർന്നു കിടക്കും.

മുറുക്കാന്റെ വാസനയുള്ള നിശ്വാസം ദ്രുതമാകുന്നതു ശ്രദ്ധിച്ചുകൊണ്ട്, ഉണരാത്ത സ്വന്തം വികാരങ്ങളെ മോഹിച്ച് സരള കിടക്കും. ഭാര്യയുടെ വികാരങ്ങൾ ശ്രദ്ധിക്കപ്പെടേണ്ടതാണെന്ന് അയാൾ ഓർത്തില്ല. ചിതം വരുത്തിയ കണ്ടത്തിൽ വിത്തെറിയുന്ന കർഷകന്റെ നിസ്സംഗതയോടെ അയാൾ സുരതത്തിലേർപ്പെട്ടു.

വിത്തെറിയുന്നതിനുമുമ്പ് കണ്ടം ചിതം വരുത്തണമെന്ന നാട്ടറിവ് ആ മനുഷ്യന് വ്യക്തിജീവിതത്തിൽ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞില്ല. സ്‌നേഹരാഹിത്യമല്ല കാര്യം, ആ മനുഷ്യൻ സരളയെ വളരെയധികം സ്‌നേഹിച്ചിരുന്നു. പക്ഷെ അവളുടെ ദേഹം ചിതപ്പെടാതെ കിടന്നു.

Leave a Comment